ശ്രീ ആർ. കെ. ആചാരി : കരവിരുതിൻ കമനീയ കലാകാരൻ…

ഭാരതീയ പൈതൃകക്ഷേത്രനിർമാണ ശൈലിയുടെ പ്രയോക്താവായ ക്ഷേത്രശില്പി പരമേശ്വരൻ ആചാരിയുടെ മകൻ മംഗലത്ത് ആർ. കെ. ആചാരി എന്ന രാധാകൃഷ്ണൻ ആചാരി ക്ഷേത്ര സമുച്ചയങ്ങളുടെ നിർമാണമേഖലയിൽ പ്രഥമഗണനീയനാണ്.

പ്രപഞ്ചസൃഷ്ടാവായ വിശ്വബ്രഹ്മദേവ൯െറ പിന്മുറക്കാരൻ എന്നത് അദ്ദേഹത്തി൯െറ ആണിക്കല്ലാണ്. കർമ്മ – ധർമ്മ വിശ്വാസം മനുഷ്യജീവിതത്തിലെ മഹാഭാഗ്യമാണെന്നും ശിൽപ്പികുലത്തിൽ ജനിക്കാൻ കഴിഞ്ഞത് ജന്മാന്തരങ്ങളുടെ പുണ്യമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു.

വിഗ്രഹനിർമാണത്തി൯െറ ഭാവനാത്മകതയിൽ ഒരു  അന്തർമുഖത ത൯െറ ജീവിതശൈലിയിൽ വന്നുപെട്ടത് തികച്ചും യാദൃശ്ചികമാണെന്ന് അദ്ദേഹം പറയുന്നു.കർമ്മോന്മുഖമായ ജീവിതമാണ് ശിൽപിക്ക് പ്രധാനമെന്നും അത് സമൂഹത്തി൯െറ യശസ്സിനും , ഐശ്വര്യത്തിനുമായി നിലകൊള്ളേണ്ടതാണെന്നും അദ്ദേഹം വിലയിരുത്തുന്നു.വൈദികകാല ആരാധനക്രമം ആചാര്യരിൽ നിന്നുണ്ടായത് കൊണ്ടാണ് ‘ആചാരം’ എന്ന വാക്ക് പിൽകാലത്ത് ഉപയോഗിച്ചുവന്നതെന്നും , ശിൽപ്പിശാസ്ത്രം 3 ആം അദ്ധ്യായം 4 ആം പ്രകരണശ്ലോകം ഉദ്ധരിച്ചു കൊണ്ട് :-

आकार आगमश्वासि                                       (ആകാര ആഗമശ്വാസി

चाकार शास्तत्रकोववद                                     ചാകാര ശാസ്ത്രകോവിദ

ररकारो देवतोल्ऩत्तत                                       രികാരോ ദേവതോല്പത്തി

आचार्या  त्रीतीयाक्षरम्                                       ആചാര്യാ തൃതീയാക്ഷരം)

അദ്ദേഹം കൂട്ടിച്ചേർത്തു.
‘ആദികാലം മുതൽതന്നെ സൃഷ്ടികൾ കരഗതമായിരുന്നുവോ? എന്ന ചോദ്യത്തിന് , സ്കാന്ദം നാഗരകാണ്ഡം (മൂലം) അദ്ധ്യായം 5-ലെ

विश्वकर्मसुताह्रिते पञ्चसृष्टिप्रवर्तिक

कृतेतुमानसासृष्टित्रेयानां दृष्टिसाधनं

द्वापरेमन्त्रसृष्टिस्याल् कलैतुकरसाधनम्

(വിശ്വകർമസുതാഹൃതേ പഞ്ചസൃഷ്ടിപ്രവർത്തിക

കൃതേതുമാനസാസൃഷ്‌ടിത്രെയാനാം ദൃഷ്ടിസാധനം

ദ്വാപരെമന്ത്രസൃഷ്ടിസ്യാൽ കലൗതുകരസാധനം )

സാരം:- (പഞ്ചകർമം ചെയ്തുവരുന്ന വിശ്വകർമവംശക്കാർ കൃതായുഗത്തിൽ മനസ്സുകൊണ്ടും , ത്രേതായുഗത്തിൽ ദൃഷ്ടിയിനാലും , ദ്വാപരയുഗത്തിൽ മന്ത്രത്തിനാലും, കലിയുഗത്തിൽ കരംകൊണ്ടും സൃഷ്ടി നടത്തിക്കൊണ്ടിരിക്കുന്നു.)

എന്ന പ്രസ്തുത ശ്ലോകമാണ് മറുപടിയായെത്തിയത്.

ശില്പശാസ്ത്ര വൈദഗ്ദ്ധ്യം ജീവിതവ്രതമാക്കിയതിനെപറ്റിയുള്ള ചോദ്യത്തിന് പതിനാലാം (14) വയസ്സുമുതൽ അപ്പൻ പരമേശ്വരൻ ആചാരിയോടൊപ്പം ക്ഷേത്രനിർമ്മാണത്തിന് പോയിത്തുടങ്ങിയപ്പോൾ കണ്ണും, കരളും, കരവും കണ്ടെത്തിയതെല്ലാം ദേവനും, ദേവാലയങ്ങളും, ഗോപുര സമുച്ചയങ്ങളും, അലങ്കാരമണ്ഡപങ്ങളുമായിരുന്നു.

ഭാവനയുടെ സോപാനം തേടിയുള്ള യാത്രയിൽ കൈമുതലായുള്ളത് പാരമ്പര്യം മാത്രമായിരുന്നു. ഓരോ ക്ഷേത്രത്തിന് കല്ലിടുമ്പോഴും പവിത്രമായ ആത്മാനുഭൂതി പകർന്നു തന്നത് അനിർവചനീയമായ ബ്രഹ്മവിദ്യാബോധമായിരുന്നു.അത് കലാകാരനുണ്ടാകേണ്ട അഥവാ ഉണ്ടാകുന്ന ദൈവാനുഗ്രഹം തന്നെയാണ്. അതുതന്നെയാണ് യഥാർത്ഥ എഞ്ചിനീയറിംഗ് വർക്ക് – എഞ്ചിനീയറിംഗ് സ്‌കിൽ എന്നത്. ഇവിടെയാണ് ശാസ്ത്രസത്യങ്ങൾ മൂർത്തവും, സുന്ദരവുമാകുന്നത്. അവിടെ ശിൽപശാസ്ത്രരഹസ്യങ്ങൾ വഴികാട്ടിയാകുന്നു. ‘ശിൽപശാസ്ത്ര’ നിയമങ്ങൾ വഴികാട്ടിയാകുന്നതിനെപ്പറ്റി:-

मातशिल्पि पिताशास्त्रं          (മാതാശില്പി പിതാശാസ്ത്രം
अरूपं रूपमानयल्                  അരൂപം രൂപമാനയൽ
यदापिण्डोत्भवञ्चेय्व            യദാപിണ്ഡോത്ഭവഞ്ചെയ് വ
तदा पुत्र विधिक्रमाल्              തദാ പുത്ര വിധിക്രമാൽ)

സാരം:- [വിഗ്രഹങ്ങൾക്കു മാതാവ് ശിൽപിയെന്നും ,പിതാവ് ശാസ്ത്രമെന്നും രൂപമില്ലാത്ത ശില (സ്വർണം, വെള്ളി, ഓട്,ദാരു) മുതലായവയ്ക്ക് രൂപമുണ്ടാക്കി പുത്രനെ മൂർത്തീകരിക്കുന്നു.]

എന്നു തന്നെയുമല്ല

ശില്പശാസ്ത്രത്തിൽ മറ്റൊരിടത്ത് ….

शिल्पिमाता शिलापुत्रो                            (ശില്പിമാതാ ശിലാപുത്രോ
दासत्वम् सर्वपूजकं                                 ദാസത്വം സർവപൂജകം)

സാരം:-[ഒരു വിഗ്രഹ(ശില്പ)ത്തിന്റെ മാതാവ് ശില്പിയും, അതിനുപയോഗിച്ച ശില പുത്രനുമാണ്.ആ ശിലയെ പൂജചെയ്യുന്നവൻ അതിൻറെ ദാസനാണ്.]

എന്നും പറയാനുണ്ടെന്ന പ്രമാണവും അദ്ദേഹം പ്രതിപാദിച്ചു.ക്ഷേത്രമുണ്ടായതിനെപ്പറ്റിയുള്ള ചോദ്യത്തിന് അല്പനിമിഷം മൗനം ദീക്ഷിച്ച ശേഷം പറഞ്ഞുതുടങ്ങി….

വൈദികകാല ജീവിതവ്യവസ്ഥയിൽ വിഭാഗീയതയില്ലായിരുന്നു.ജനങ്ങൾ കോട്ടകൾ കെട്ടിയതിനുള്ളിൽ ഒരു സമൂഹമായാണ് കഴിഞ്ഞിരുന്നത്. അനുപാതം വർദ്ധിച്ചപ്പോൾ അവരെ നിയന്ത്രിക്കുവാൻ ഓരോ ഗുരുപീഠവുമുണ്ടായിരുന്നു. ആ ഗുരുപീഠങ്ങളെ ‘ജഗത് പീഠങ്ങൾ’ എന്നാണ് വിളിച്ചിരുന്നത്.വൈദിക ഐന്തവരായ (സനക, സനാതന, അഭുവനസ, പ്രത്നസ, സുവർണ്ണസ ഋഷിമാർ). അവർ  ആ ഗുരുപീഠാസ്ഥാനത്തെ ബ്രഹ്മപീഠം (പഞ്ചരം) എന്നാണ് വിളിച്ചിരുന്നത്. (ഇന്നും വിഗ്രഹപ്രതിഷ്ഠ ഉറപ്പിക്കുന്ന പീഠത്തെ പഞ്ചരം എന്ന പേരിലാണറിയപ്പെടുന്നത്) അതെല്ലാവരുടെയും ഒരഭയകേന്ദ്രമായിരുന്നു.

1856-ൽ സ്റ്റുവർട്ട് പിഗ്ഗാട്ട് ‘പ്രീ ഹിസ്റ്റോറിക്ക് ഇന്ത്യയിൽ’ ക്ഷേത്രത്തി൯െറ ഈ പൂർവരൂപത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്.

ബി.സി. 5000 കൊല്ലങ്ങൾക്കു മുമ്പ് (ഇന്നേയ്ക്ക് 7000 കൊല്ലങ്ങൾക്ക് മുമ്പ്) സപ്തസിന്ധുവിൽ ഹിമാലയതാഴ്വാരത്തിനടുത്ത് പാഞ്ചാലദേശത്തിൽ ‘മാന്തൈ’ നഗരത്തിൽ, വിശ്വകുല പൗെരുഷേയ ശ്രീമദ് ജഗദ്ഗുരു നീലകണ്‌ഠ ആചാര്യസ്വാമികൾ പീഠത്തെ , ആക്രമണഭയത്താൽ ദക്ഷിണഭാരതത്തിലേക്ക് പ്രയാണം ചെയ്തുവന്ന് താമ്രപർണ്ണീതീരത്തെത്തുകയും പിൽക്കാലത്തു തിരുനെൽവേലിയിൽ അക്കശ്ശാല എന്ന ഭാഗത്ത് പ്രതിഷ്ഠിച്ചത് ഇന്നും തുടരുകയും ചെയ്യുന്നുവെന്ന സംഗതി അദ്‌ഭുതത്തോടുകൂടി മാത്രമേ നമ്മുക്ക് നോക്കിക്കാണുവാൻ കഴിയുകയുള്ളു.

5000 കൊല്ലങ്ങൾക്കു മുമ്പ് ഭാരതത്തിൽ സപ്തസിന്ധുവിലെ വൈദികകാലഘട്ടത്തിലെ സമൂഹവ്യവസ്ഥയുടെ, ജീവിക്കുന്ന, ലോകത്തിലെ ഏകപ്രതീകമാണീ ഗുരുപീഠം.

കാലങ്ങളുടെ പ്രയാണത്തിൽ മനുഷ്യരാശിയുടെ ബാഹുല്യവും, ദേശാന്തരവാസവും ആ ഗുരുപീഠസംസ്‌കൃതിയെ ഉപേക്ഷിക്കാതെ, പ്രതിസന്ധിയോ ദുരിതങ്ങളോ ഉണ്ടാകുമ്പോൾ ഗുരുപീഠാസ്ഥാനത്തെത്തി ത൯െറ മനസ്സിനെ സ്വസ്ഥമാക്കാൻ ആർക്കും കഴിഞ്ഞിരുന്നു.അങ്ങനെയുണ്ടാകുന്ന ക്ഷതങ്ങളിൽ നിന്നും മോചനം നേടുവാൻ (ക്ഷത: ത്രായതേ ഇതി ക്ഷേത്ര:) കഴിഞ്ഞിരുന്നതുകൊണ്ടാണ് ക്ഷേത്രങ്ങൾ എന്നവയെ വിളിച്ചിരുന്നത്.

കർമ്മരംഗത്ത് അരനൂറ്റാണ്ടു പിന്നിടുമ്പോള്‍ ചെയ്ത വർക്കുകളെ ക്കുറിച്ച് അനുഭവങ്ങള്‍ എങ്ങനെ വിലയിരുത്തുമെന്ന ചോദ്യത്തിന് ഓർമ്മകളെ ചികഞ്ഞെടുക്കുവാന്‍ ശ്രമിച്ചുകൊണ്ട് പറഞ്ഞുതുടങ്ങി.

ശില്പശാസ്ത്രവും, വാസ്തുശാസ്ത്രവും, മയവാസ്തുവിലും പറയും പ്രകാരവും – പാരമ്പര്യസ്ഥപതിയുടെ നിർദേശങ്ങളുമല്ലാതെ എ൯െറ കർമ്മവീഥിയെ മറ്റൊന്നും സ്വാധീനിച്ചിട്ടില്ല.

ഗർഭഗൃഹം, മണ്ഡപം മുതലായവകളെയും, ബിംബങ്ങളെയും, സ്ഥൂപികകള്‍, മേടകള്‍, ചുറ്റുമതിലുകള്‍, അകമതിലുകള്‍, പുറമാതിലുകള്‍, ഗോപുരവാതിലുകള്‍, മാളികകള്‍, ദേവാലയങ്ങള്‍, വിദ്യാലയങ്ങള്‍, പടിത്തുറകള്‍, വീടുകളും, കേരളത്തിലങ്ങോളമിങ്ങോളം നൂറിൽപരം ക്ഷേത്രങ്ങള്‍ രൂപകൽപന നിർവഹിക്കുകയും നിർമ്മാണ൦ പൂർത്തിയാക്കുകയും ചെയ്തു കഴിഞ്ഞു.മറ്റു പലതും പൂർത്തിയായിക്കൊണ്ടിരിക്കുന്നു.

ക്ഷേത്രവും,വിഗ്രഹവും,ശില്പിയും തമ്മിലുള്ള ബന്ധം ഒന്നു വിശദമാക്കുമോ എന്നതിന് പറഞ്ഞുതുടങ്ങിയതിങ്ങനെ….

ക്ഷേത്രത്തിനും, വിഗ്രഹത്തിനും, ക്ഷേത്രരൂപങ്ങൾക്കുമല്ലാതെ മനസ്സി൯െറ പാരിടം മറ്റൊന്നിനും വിനിയോഗിക്കുവാന്‍ ഇക്കാലയളവില്‍ കഴിഞ്ഞിട്ടില്ലെന്ന് പറയുന്നതാകും ഉത്തമം.

കാരണം, ക്ഷേത്രവും, ദേവനും, ശരീരവും,ആത്മാവുമാണ്. ശ്രീകോവില്‍ മനസ്സാണ്. ശില്പിയുടെ ആത്മഗർഭത്തില്‍ നിന്നു൦ ഭാവന പ്രസവിക്കുന്ന പുത്രനാണ് വിശേഷാല്‍ ഗ്രഹിക്കുന്ന വിഗ്രഹങ്ങള്‍.അതു കൊണ്ടു തന്നെ ശില്പിദുഃഖം ശില്പദുഃഖം കൂടിയാണ്.

‘മയവാസ്തുവില്‍’ ഇങ്ങനെ…………

“शिल्पिपूजा शिलापूजा                          (‘ശില്പിപൂജ, ശിലാപൂജാ
शिल्पि दु:खेन दु;खित                              ശില്പി ദു:ഖേന ദു:ഖിത
शिल्पेन कल्पितं दैवं                                ശില്പേന കല്പിതം ദൈവം
शिल्पि ब्रह्ममयं जगद्”                          ശില്പി ബ്രഹ്മമയം ജഗദ്‌)

സാരം:- (ശില്പിയെ പൂജിക്കുന്നത് ഈശ്വരവിഗ്രഹത്തെ പൂജിക്കുന്നതു പോലെയാണ്. ശില്പിക്കു ദു:ഖ൦ വരുത്തിയാല്‍ വിഗ്രഹത്തിനും [ഈശ്വരനും] ദുഃഖം ഭവിക്കുന്നു. ശില്പി ബ്രഹ്മസൃഷ്ടി ചെയ്യുന്നതുകൊണ്ട് വിശ്വമാകെ നിറഞ്ഞുനില്ക്കുന്നു.)

……വ്യക്തമാക്കുന്നുണ്ട്.

ചാതുർവർണ്യത്തെപ്പറ്റിയുള്ള ചോദ്യത്തിന് പെട്ടന്നായിരുന്നു മറുപടി.

വൈദികകാലത്ത് ഇന്നത്തെ ജാതിവ്യവസ്ഥ ഇല്ലായിരുന്നു. തന്നെയുമല്ല ഇക്കാലത്തു പോലും ശില്പികളെ സംബന്ധിച്ച് വർണവ്യവസ്ഥയുണ്ടെന്ന്‍ ആരും പറയുമെന്നു തോന്നുന്നില്ല. കാരണം കുടിലു മുതല്‍ കൊട്ടാരം വരെ നിർമ്മിച്ചു നല്‍കിയിരുന്നതും, ജനിക്കുന്ന കുട്ടിയുടെ പൊക്കിൾക്കൊടി വിഛേദിക്കുന്നതു മുതല്‍ ഒരു വ്യക്തിയുടെ അന്ത്യകർമ്മങ്ങൾക്ക് കുഴിയെടുത്ത് കുടമുടക്കുന്നതു വരെ (കൊല്ലന്‍, ആചാരി, മൂശാരി, കല്ലന്‍, തട്ടാന്‍) ആർക്കും ആവശ്യമായിരുന്നു. അതുകൊണ്ടു തന്നെയാണ് വിശ്വകർമ്മാക്കള്‍ എന്നു വിളിച്ചുപോരുന്നത്.

നിർമ്മിച്ചു നല്‍കിയ പ്രധാനപ്പെട്ട ക്ഷേത്രങ്ങളെ മാത്രം ഒരു ചോദ്യത്തിനുത്തരമായി ഓർമ്മകളിൽ പരത്തി പ്പറഞ്ഞു.തഴക്കര സുബ്രഹ്മണ്യക്ഷേത്രവും, ഗോപുരവും, മാവേലിക്കര പടിഞ്ഞാറേ ഗണപതിക്ഷേത്ര൦, ഗുരുക്ഷേത്രങ്ങള്‍, പൊന്നാരംതോട്ട് ദേവിക്ഷേത്ര൦, പെരിങ്ങര ഗണപതിക്ഷേത്ര൦, കൊല്ലം അമൃതകുളം ശിവക്ഷേത്ര൦, കുരീപ്പുഴ കടവൂര്‍ ദേവിക്ഷേത്ര൦, വെച്ചൂച്ചിറകുന്നം ദേവിക്ഷേത്ര൦, കാസർഗോഡ്  ബദിയടുക്ക ശിവക്ഷേത്ര൦, തട്ടാരമ്പലം ദേവിക്ഷേത്രഗോപുരം, വെണ്മണി പുന്തല ഗുരുക്ഷേത്ര൦, തിരുവല്ല പൊടിയാടി ശാസ്താക്ഷേത്രവും, ഗോപുരവും, വാസ്തുവിദ്യാ ഗുരുകുലത്തി൯െറ ഇതര ജോലികള്‍, നിരവധി ക്ഷേത്രങ്ങളില്‍ ചെയ്തുവരുന്നു. പാരമ്പര്യം നില നിർത്തുവാന്‍ സഹായികളായുള്ളവരുടെ കൂട്ടത്തില്‍ ഇളയമകനെ പഠിപ്പിച്ചെടുക്കുകയാണ് താനെന്ന് ഒരു ചോദ്യത്തിന്
മറുപടി പറഞ്ഞു.ബഹുമതികളെ പറ്റിയുള്ള ചോദ്യത്തിന്, പെട്ടെന്നൊരുത്തരം പറയാതിരുന്നിട്ട് തുടർന്നു …

കിട്ടിയ പൊന്നാടകളും, ആദരവുകളും അനവധിയാണ്. അതെവിടെ നിന്നാണെന്നു പറയാനാവില്ല. തിരുവിതാംകൂര്‍ മാർത്താണ്ഡവർമ്മ, റാണിഭായ് തമ്പുരാട്ടി, ചക്കുളത്തുകാവ്‌ തിരുമേനി, വെള്ളാപ്പള്ളി നടേശന്‍, അക്കീരമണ്‍ ഭട്ടതിരി, അമൃതാനന്ദമയി മഠം പൂർണ്ണസ്വരൂപാനന്ദ തുടങ്ങിയവരില്‍ നിന്നും നേടിയ പൊന്നാടകളും ഇരുപത്തിരണ്ടോളം സ്വർണ്ണനാണയങ്ങളും അമൂല്യനിധിയായി സൂക്ഷിക്കുന്നു.മൂകാംബികാ ദേവിയുടെയും, ഭുവനേശ്വരിയുടെയും, യോഗിശ്വരന്‍ അപ്പൂപ്പ൯െറയും അനുഗ്രഹമാണിതിനെല്ലാം കാരണമെന്നാണിന്നു ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങളുടെ സൃഷ്ടാവി൯െറ അഭിപ്രായം..

കല്ലിലും, തടിയിലും കാവ്യങ്ങള്‍ തീർത്തും അഭിരുചിയ്ക്കനുസരിച്ച് എണ്ണമറ്റ വീടുകളും രൂപകല്‍പ്പന ചെയ്യുന്ന ആര്‍.കെ. ആചാരി ആര്‍. കെ. കൺസ്ട്രക്ഷൻസ് സ്ഥാപകന്‍ കൂടിയാണ്.ദേവാമൃതം മാസികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ മനസ്സ് തുറക്കുകയായിരുന്നു അദ്ദേഹം.

മഹാഭാരതം (ജയം) മൂലത്തില്‍ വേദവ്യാസന്‍ പറയുന്ന ശ്ലോകം കൂടി
ഉദ്ധരിച്ചുകൊണ്ടാണ് വാക്കുകള്‍ ഉപസംഹരിച്ചത്.

“विस्वकर्म महाभागे छन्देशिल्पप्रजापति
कर्त्ताशिल्प सहस्राणां त्रिदशानां मोहवर्द्धका
भूषाणां च सर्वेषाल्कर्त्ता शिल्पिवतांवर:
योदिव्यानिविमानानि त्रिदशानां महाकर
मनुष्योपजयन्ती तस्य शिल्पान्महात्माना:
पूजयन्तिचयां नित्यं विस्वकर्माण अव्यय: ||”

(വിശ്വകർമ്മ മഹഭാഗേ ഛന്ദേശില്‍പപ്രജാപതി
കർത്താശില്പ  സഹസ്രാണാ൦ ത്രിദശാനാം മോഹവർദ്ധകാ
ഭൂഷാണാം ച സർവേഷാല്‍കർത്ത ശില്പിവതാംവരഃ
യോദിവ്യാനിവിമാനാനി ത്രിദശാനാം മഹാകര
മനുഷ്യോപജയന്തീതസ്യശില്പാന്മാഹാത്മനാഃ
പൂജയന്തിചയാം നിത്യം വിശ്വകർമ്മാണഅവ്യയഃ || )
സാരം :- വിശ്വകർമ്മജര്‍ യന്ത്രങ്ങളുടെയും ആഭരണങ്ങളുടെയും സൃഷ്ടാവും പ്രജാപതിയും കരകൌശലവിദഗ്ധന്മാരുടെ രാജാവും ആകുന്നു.ജനങ്ങള്‍ അദ്ദേഹത്തെ നിത്യം അവ്യയനായ ഈശ്വരനായി പൂജിക്കുകയും ചെയ്യുന്നു.